Song | പറയൂ നിൻ ഹംസഗാനം |
Movie | പവിത്രം |
Lyricist | O.N.V. Kurup |
Singers | KS Chithra |
പറയൂ നിൻ ഹംസഗാനം
പാടിപ്പോകുന്നതെങ്ങോ നീ
ഒടുവിൽ പാഴ് മണ്ണിൽ വീഴാൻ മാത്രം
ഈ സ്നേഹബന്ധങ്ങൾ
മൃതി ചാർത്തും ചുംബനത്താൽ മൂകമാം നാദം
സ്മൃതി മീട്ടും മണ്വിപഞ്ചിയിൽ ഇന്നുയിർക്കുന്നു
സാന്ധ്യ സൗവർണ്ണകാന്തി നീരാടുമീ ആഴിയിൽ
താന്തനായ് ദീനപാന്ഥനാം സൂര്യനും താണുവോ
കണ്ണീർ വാർത്തു നിൽക്കും
മണ്ണിൻ സ്നേഹതാപം
മഞ്ഞിൽ കണ്ണു ചിമ്മും
മന്ദാരങ്ങളായീ
ഇരുളിൻ ഗുഹാമുഖത്തിൽ
ഇനിയും പ്രഭാതമെത്തും
ജനിയോ മൃതിയോ
നേടുന്നാരൊടുവിൽ
യാത്രയോതുന്ന വാക്കൊരേ തേങ്ങലായ് മാഞ്ഞുവോ
താഴ്ത്തീടും ദീപനാളമായ് നേർത്തു വിൺ തിങ്കളും
കാറ്റോ തൊട്ടിലാട്ടും പാട്ടോ സ്നേഹലോലം
ഓമൽത്തിങ്കളിന്നായ് പാടും പക്ഷിയേതോ
നിറയും നിലാക്കുടം പോൽ
വളരൂ കുരുന്നു പൂവേ
ജനിയോ മൃതിയോ
നേടുന്നിനിയൊടുവിൽ (പറയൂ…)